വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം…കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്ന് പൊലീസ്…

കോട്ടയം: വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണവുമായി കുടുംബവും സുഹൃത്തുക്കളും. എഇഒയുടെ അധിക ചുമതല നിർവഹിച്ചത് ശ്യാം കുമാറിനെ തളര്‍ത്തിയെന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം മാനസിക പീഡനമുണ്ടായെന്നുമാണ് ആരോപണം. ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

മൂന്ന് ദിവസങ്ങൾക്കു മുൻപ് കാണാതായ ശ്യാംകുമാറിനെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. അക്കരപ്പാടത്ത് മൂവാറ്റുപുഴ ആറിന്റെ കൈവഴിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശ്യാം കുമാറിനെ കാണാതായ ദിവസം കുടുംബം പൊലീസിന് നൽകിയ പരാതിയിൽ ശ്യാംകുമാർ അമിത ജോലി ഭാരം മൂലം അനുഭവിച്ചിരുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് ആരോപിക്കുന്നു. കാണാതായ ദിവസത്തിന്റെ തലേന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് മാനസിക പീഡനം നേരിട്ടെന്ന് സുഹൃത്തുക്കളും പറയുന്നു. കുടുംബത്തിന്റെ ആരോപണങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button