വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ 22ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും
മാവേലിക്കര: വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം 22ന് വൈകിട്ട് 2ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ബി.സന്തോഷ് അറിയിച്ചു. വിദ്യാധിരാജ എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം.എന്‍.ശശിധരന്‍ അധ്യക്ഷനാവും. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താന്‍ ആമുഖ പ്രഭാഷണം നടത്തും.
ട്രസ്റ്റ് സെക്രട്ടറി വി.അനില്‍കുമാര്‍ കേന്ദ്രമന്ത്രിയെ ആദരിക്കും. മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ്, നഗരസഭ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍, ആര്‍.എസ്.എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ.എം.രമേശന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, സ്‌കൂള്‍ ക്ഷേമസഭ പ്രസിഡന്റ് എച്ച്.മേഘനാഥന്‍, മാതൃസമിതി പ്രസിഡന്റ് ധന്യ രഞ്ജിത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ബി.സന്തോഷ് എന്നിവര്‍ സംസാരിക്കും.
രാജ്യത്ത് 100 സൈനിക സ്‌കൂള്‍ ആരംഭിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്ന് വിദ്യാലയങ്ങളില്‍ ഒന്നാണ് വിദ്യാധിരാജാ വിദ്യാപീഠം. കഴിഞ്ഞ അധ്യയന വര്‍ഷമാണ് വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിന് സൈനിക സ്‌കൂള്‍ അഫിലിയേഷന്‍ ലഭിച്ചത്. ആറാം ക്ലാസില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ വിജയിക്കുന്ന കുട്ടികളെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് സൈനിക സ്‌കൂളില്‍ പ്രവേശനം നല്‍കുന്നത്. വിദ്യാധിരാജ വിദ്യാപീഠത്തില്‍ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് റാങ്ക് അടിസ്ഥാനത്തിൽ 60 ശതമാനം സീറ്റ് സംവരണമുണ്ട്. ബാക്കി 40 ശതമാനം സീറ്റുകളിലേക്ക് ഏത് സംസ്ഥാനത്തുനിന്നുള്ള കുട്ടികള്‍ക്കും അപേക്ഷിക്കുവുന്നതാണ്.
2024-25 ല്‍ 40 സീറ്റുകള്‍ ഉള്ള രണ്ട് ബാച്ചുകളായി ക്ലാസുകള്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 80 കുട്ടികള്‍ പ്രവേശനം നേടി. സൈനിക സ്‌കൂളിനായി പ്രത്യേകം ഹോസ്റ്റൽ, കാന്റീന്‍ സൗകര്യങ്ങളുണ്ട്. പ്രത്യേകം പരിശീലനം നേടിയ അദ്ധ്യാപകരാണ് ക്ലാസുകള്‍ എടുക്കുന്നത്. സൈനിക പരിശീലനം നേടിയ അദ്ധ്യാപകരാണ് ശാരീരിക പരിശീലനം നല്‍കുന്നതെന്നും വിദ്യാധിരാജ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എം.എന്‍. ശശിധരന്‍, സെക്രട്ടറി വി.അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.