വാഹനാപകടത്തിൽ ബൈക്കിന് പിന്നിലിരുന്ന ഉറ്റചങ്ങാതി മരിച്ചു..ബൈക്കോടിച്ച സുഹൃത്ത് ബസിനു മുന്നിൽ ചാടി ജീവനൊടുക്കി…
സ്കൂൾ കാലം മുതലുള്ള ഉറ്റചങ്ങാതിക്കൊപ്പം കോളേജിലേക്ക് മടങ്ങുന്നതിനിടെ റോഡ് അപകടത്തിൽ 20കാരി കൊല്ലപ്പെട്ടു. പിന്നാലെ ബസിന് മുൻപിൽ ചാടിയ ഉറ്റസുഹൃത്തും മരിച്ചു. തമിഴ്നാട്ടിലെ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവം.മധുരാന്തകം സ്വദേശി സബ്രീന (21) അപകടത്തിൽ മരിച്ചതിൽ മനംനൊന്താണ് ബൈക്ക് ഓടിച്ച യോഗേശ്വരൻ (20) ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഇരുവരും മൂന്നാംവർഷ എൻജിനീയറിങ് വിദ്യാർഥികളാണ്.
ഈസ്റ്റ് കോസ്റ്റ് റോഡിൽ ചെങ്കൽപേട്ടിലെ കോളേജിലേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കിൽ പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിന്നിലിരുന്ന സബ്രിന ബസിന്റെ ടയറിന് അടിയിലേക്ക് വീഴുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യോഗേശ്വരനും തെറിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റെങ്കിലും വീണിടത്ത് നിന്ന് എഴുന്നേറ്റ യുവാവ് യുവതിയെ ഒരു ഓട്ടോയിൽ കയറ്റി 500 മീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചു. സബ്രിന രക്ഷപ്പെടുമെന്ന ധാരണയായിരുന്നു യുവാവിനുണ്ടായിരുന്നത്. എന്നാൽ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവതിയെ പരിശോധിച്ച ഡോക്ടർമാർ യുവതി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. വിവരം ബന്ധുക്കളെ അറിയിക്കുന്ന കാര്യം സംസാരിക്കുന്നതിനിടയിൽ യുവാവ് ആശുപത്രിയിൽ നിന്ന് ഇറങ്ങി റോഡിലേക്ക് എത്തി ഇതുവഴി വന്ന ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു.