വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർ ഇനി മുതൽ സൂക്ഷിക്കുക….. പ്രത്യേക പരിശോധനകളുമായി മോട്ടോർ വാഹന വകുപ്പ്…
വാഹനങ്ങളിലെ രൂപമാറ്റത്തില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ. അപകടകരമായി വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. ഡ്രൈവർമാരുടെ കാബിനിലിരുന്ന് വീഡിയോ എടുക്കൽ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. യൂട്യൂബർ സഞ്ജു ടെക്കി വണ്ടിയില്‍ രൂപമാറ്റം വരുത്തിയ കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസ് 25ന് പരിഗണിക്കാനായി മാറ്റി.അതേസമയം, സഞ്ജു ടെക്കി കേസില്‍ നടപടി സ്വീകരിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ റിപ്പോർട്ടായി നൽകി. റോഡിലോടുന്ന ബസുകളടക്കം പല വാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് വർക്കിംഗ് അല്ലെന്നും നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനെ അറിയിച്ചു. പല കോളേജുകളിലും വാഹനങ്ങൾ വിദ്യാർത്ഥികൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നെന്നും കോടതി നിരീക്ഷിച്ചു. റിക്കവറി വാൻ, ക്രെയിൻ എന്നിവ ക്യാമ്പസുകളിൽ കൊണ്ടുവരുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദേശം.