വായ്‌പ നൽകിയ ശേഷം പണം തട്ടിയെടുത്തു… നഗ്നചിത്രം….
മലപ്പുറം: ചെറിയ തുകകൾ വായ്‌പ നൽകിയ ശേഷം ഇടപാടുകാരായ സ്ത്രീകളിൽ നിന്ന് കൂടുതൽ പണം തട്ടിയെടുത്ത സംഘം പിടിയിൽ. വടകര സ്വദേശികളായ അശ്വന്ലാൽ (23), അഭിനാഥ് (26), സുമിത് കൃഷ്ണൻ (21) എന്നിവരാണ് എടക്കര പോലീസിന്റെ പിടിയിലായത്. സൈബർ കാർഡ് എന്ന ആപ് വഴിയാണ് പ്രതികൾ പണം വായ്പയായി നൽകിയിരുന്നത്. പണം നൽകുന്ന യുവതികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ നിന്നും മറ്റും ശേഖരിച്ച ശേഷം മോർഫ് ചെയ്ത് നഗ്നഫോട്ടോകളാക്കി ഭീഷണിപ്പെടുത്തി കൂടുതൽ പണം വാങ്ങുന്നതാണ് പ്രതികളുടെ രീതി.സംഭവത്തിൽ എടക്കര സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. സൈബർ കാർഡ് ആപ് വഴി കഴിഞ്ഞ ഡിസംബറിൽ വീട്ടമ്മ 4,000 രൂപ വായ്‌പ എടുത്തിരുന്നു. നിശ്ചിത ദിവസത്തിനുള്ളിൽ തന്നെ പണം തിരിച്ചടക്കുകയും ചെയ്‌തിരുന്നു. എന്നാൽ വീട്ടമ്മ കൂടുതൽ തുക വായ്‌പ എടുത്തെന്നും ഈ പണം തിരിച്ചടയ്ക്കണമെന്നും പ്രതികൾ പറഞ്ഞു. ഇല്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്. ഇൻസ്പെക്ടർ എസ്. അനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.