വായ്നാറ്റത്തിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെ?.. അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങൾ….
remedies to avoid bad breath
വാ തുറന്ന് ചിരിക്കാൻ പറ്റില്ല, സംസാരിക്കുമ്പോൾ വാ പൊതിഞ്ഞ് പിടിക്കണം തുടങ്ങി വായ് നാറ്റം കാരണം നിങ്ങൾ ബുദ്ധിമുട്ടിലാണോ.പല കാരണങ്ങള്‍ കൊണ്ട് വായനാറ്റം ഉണ്ടാകാം.. ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടും, വായ വരണ്ടതുകൊണ്ടും ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം. വെളുത്തുള്ളി, ഉള്ളി പോലെയുള്ള ചില ഭക്ഷണങ്ങൾ വായ്നാറ്റത്തിന് കാരണമാകുന്നു. പുകവലിയും മദ്യപാനവും കഫീനിന്‍റെ അമിത ഉപയോഗവും മൂലവും വായ്‌നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം.മോണരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അണുബാധകൾ, അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ എന്നിവ പോലുള്ള ആരോഗ്യപരമായ അവസ്ഥകളും വായ്‌നാറ്റം ഉണ്ടാക്കാം.
വായ് നാറ്റം ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
പതിവായി ബ്രഷിംഗ്, ഫ്ലോസ് ചെയ്യൽ, മൗത്ത് വാഷ്, നാവ് വ്യത്തിയാക്കൽ തുടങ്ങിയ നല്ല ശുചിത്വ ശീലങ്ങൾ നിലനിർത്തേണ്ടത് പ്രധാനമാണ്.
കൂടാതെ, ധാരാളം വെള്ളം കുടിക്കുന്നത് വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെയും ഭക്ഷണ പദാർത്ഥങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു.പുകയില, മദ്യം, ശക്തമായ മണമുള്ള മസാലകൾ എന്നിവ ഒഴിവാക്കുന്നത് ഒരു പരിധി വരെ വായ്നാറ്റം ഒഴിവാക്കാൻ സഹായിക്കും. വായ് നാറ്റത്തിന് കാരണമാകുന്ന അടിസ്ഥാന പ്രശ്നം മനസിലാക്കാൻ ഒരു ദന്തരോഗവിദഗ്ധനെ കാണുന്നത് നല്ലതാണ്. ചില സന്ദർഭങ്ങളിൽ, വായ്നാറ്റം മോണ രോഗമോ സൈനസ് അണുബാധയോ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായേക്കാം. പ്രശ്നം ദീർഘനാൾ നീണ്ടു നിന്നാൽ വൈദ്യ പരിശോധന നടത്താൻ മറക്കരുത്. വായ്നാറ്റം ഒഴിവാക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുന്നത് വായ്നാറ്റത്തെ അകറ്റാന്‍ സഹായിക്കും,ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും, ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം.