വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ചിട്ട് ഒരു വർഷം ഇതുവരെ എത്തിയത് 20 ലക്ഷം യാത്രക്കാർ…
കൊച്ചി: കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. സർവീസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇരട്ടി മധുരമാണ്. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് ഇരുപത് ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തിയിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു.ഈ ചുരുങ്ങിയ കാലയളവില്‍ 20 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിന് തെളിവാണ്. 14 ബോട്ടുകളുമായി അഞ്ചു റൂട്ടുകളിലാണ് നിലവില്‍ സര്‍വ്വീസ് ഉള്ളത്. ഹൈ കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി, ഹൈ കോർട്ട് ജംഗ്ഷൻ – വൈപ്പിൻ, ഹൈ കോർട്ട് ജംഗ്ഷൻ – ബോൾഗാട്ടി വഴി സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ, വൈറ്റില – കാക്കനാട് എന്നിവയാണ് റൂട്ടുകൾ.