വാട്ട്‌സ് ആപ്പിൽ അജ്ഞാതന്റെ സന്ദേശം… പിന്നാലെ….
അജ്ഞാതന്റെ വാട്ട്‌സ് ആപ്പ് സന്ദേശത്തിൽ കുരുങ്ങി റിട്ടയേർഡ് സ്‌കൂൾ അധ്യാപിക. വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ 21 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്. ആന്ധ്രാ പ്രദേശ് അന്നമയ്യ ജില്ല സ്വദേശിനി വരലക്ഷ്മിയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. അജ്ഞാതനിൽ നിന്ന് വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശത്തിനൊപ്പം ലഭിച്ച ലിങ്കിൽ വരലക്ഷ്മി ക്ലിക്ക് ചെയ്തു. പിന്നാലെ സൈബർ ക്രിമിനലുകൾക്ക് വരലക്ഷ്മിയുടെ ഫോൺ ഹാക്ക് ചെയ്യാൻ സാധിച്ചു. ആദ്യം 20,000 രൂപ, പിന്നീട് 40,000, 80, 000 എന്നിങ്ങനെ 21 ലക്ഷം രൂപയാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്.
പണം നഷ്ടപ്പെട്ടുവെന്ന് ബാങ്ക് സന്ദേശം വന്നപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് വരലക്ഷ്മി അറിയുന്നത്. വരലക്ഷ്മി സൈബർ പൊലീസിൽ പരാതിപ്പെടുന്നതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.
അടുത്തിടെയാണ് സമാന രീതിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറിൽ നിന്നും പണം നഷ്ടപ്പെട്ടത്. മാഡാനപള്ളി സ്വദേശിയായ ജ്ഞാനപ്രകാശിൽ നിന്ന് 12 ലക്ഷം രൂപയാണ് തട്ടിപ്പുകാർ നേടിയത്.