വസ്ത്രം മാറ്റി മുറിവുകൾ കാണിക്കണമെന്ന് അതിജീവിതയോട് ജഡ്ജി …..എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ്…….
കൂട്ട ബലാത്സംഗത്തിലെ അതിജീവിതയോട് വസ്ത്രം മാറ്റി മുറിവുകൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ എഫ്ഐആർ. രാജസ്ഥാനിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് അതിജീവിതയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. സംഭവത്തിൽ ജഡ്ജിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മാർച്ച് 30നാണ് പരാതിക്ക് ആസ്പദമായ സംഭവം. കേസിൽ മൊഴി രേഖപ്പെടുത്താനായി ചെന്നപ്പോഴാണ് മുറിവുകൾ കാണണമെന്ന് ജഡ്ജി ആവശ്യപ്പെട്ടത്. ഹിന്ദ്വാൻ സിറ്റി ജുഡീഷ്യൽ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃതമായി തടഞ്ഞു വയ്ക്കൽ, പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലുള്ളവരോട് ക്രൂരത തടയുന്നതിനുള്ള നിയമം എന്നിവ അനുസരിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂട്ട ബലാത്സംഗ കേസിൽ അതിജീവിത നൽകിയ മൊഴി ശരിയാണോയെന്ന് അറിയാനായി വസ്ത്രം നീക്കി മുറിവ് കാണിക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടതായാണ് അതിജീവിത ആരോപണം ഉന്നയിച്ചിട്ടുള്ളത്. പുരുഷ ജഡ്ജിക്ക് മുന്നിൽ വച്ച് ഇപ്രകാരം ചെയ്യാൻ ആവശ്യപ്പെട്ടത് അസ്വസ്ഥതയുണ്ടാക്കിയെന്നാണ് പരാതിക്കാരി വിശദമാക്കുന്നത്.