250 യാർഡിൽ അപകടമുണ്ടാക്കാം.. 9 മീറ്റർ പരിധിയിൽ ആളുകൾക്ക് ജീവഹാനിയുണ്ടാക്കാം…. വല വീശിയപ്പോൾ കിട്ടിയത് അത്യുഗ്ര ശേഷിയുള്ള ഗ്രനേഡ്…..
മാവേലിക്കര: വല വീശിയപ്പോൾ കിട്ടിയത് പിൻ ഔട്ട് ചെയ്യാത്ത ഗ്രനേഡ്. തിങ്കളാഴ്ച രാത്രി തെക്കേക്കര വസൂരിമല ക്ഷേത്രത്തിന് തെക്ക് വശത്തുള്ള റ്റി.എ കനാൽ നിന്നും മീൻ പിടിക്കുന്നതിന് വല വീശിയപ്പോളാണ് പൊട്ടാത്ത ഗ്രനേഡ് ലഭിച്ചത്.പല്ലാരിമംഗലം പള്ളിയാമ്പലിൽ രാജനാണ് ഗ്രനേഡ് ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് ഗ്രനേഡ് കുറത്തികാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എറണാകുളത്തു നിന്നും വൈകിട്ട് 3 മണിയോടുകൂടി ഗ്രനേഡ് നിർവീര്യമാക്കുന്നതിന് ബോംബ് സ്ക്വാഡ് എത്തി. പരിശോധനക്കു ശേഷം ഗ്രനേഡ് പൊലീസ് സ്റ്റേഷന് സമീപത്തെ ഗ്രൗണ്ടിലേക്ക് മാറ്റിയെങ്കിലും സുരക്ഷാ മുൻനിർത്തി പൊട്ടിച്ചില്ല. തുടർന്ന് ചുനക്കരയിലെ വയലിലേക്ക് കൊണ്ടുപോകുകയും ബോംബ് സ്ക്വാഡ് എസ്.ഐ സിബു.എസിൻ്റെ നേതൃത്വത്തിലുള്ള സംഘം നിർവീര്യമാക്കുകയുമായിരുന്നു. സംഘത്തിൽ ബോംബ് സ്ക്വാഡ് എ.എസ്.ഐ ജോസ്, വിവേക്, സനോജ്, ജില്ലാ ബോംബ് സ്ക്വാഡ് അംഗങ്ങളായ ജോഷി, അനുരാജ്, രാജ് മോഹൻ, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.250 യാർഡിൽ അപകടമുണ്ടാക്കുവാനും 9 മീറ്റർ പരിധിയിൽ ആളുകൾക്ക് ജീവഹാനിയുണ്ടാക്കാനും കഴിയുന്ന തരത്തിൽ പ്രഹരശേഷിയുള്ള ഗ്രനേഡായിരുന്നു ഇതെന്ന് ബോംബ് സ്ക്വാഡ് വ്യക്തമാക്കി. സംഭവത്തിൽ കുറത്തികാട് പൊലീസ് അന്വേഷണം ആരംഭിച്ചു.