വലിയ ഒരു ജീവി പറമ്പിൽ.. കല്ല് എടുത്ത് എറിയാൻ ശ്രമിച്ചപ്പോൾ എണീറ്റു… ഭയന്നു വീട്ടമ്മ മറിഞ്ഞു വീണു….

പുലർച്ചെ 5.30നാണ് വീട്ടു പരിസരത്ത് അനക്കം കേട്ടതെന്ന് വീട്ടമ്മ പറഞ്ഞു. വെളിച്ചം കുറവായതിനാൽ ഒന്നും വ്യക്തമായില്ല. പിന്നീട് 7 മണിയോടെ ഇവർ കടയിലേക്ക് പോകവേ മരച്ചീനിയും വാഴയും കൃഷി ചെയ്തിട്ടുള്ള പറമ്പിൽ അനക്കം കേട്ട് നോക്കിയപ്പോൾ വലിയ ഒരു ജീവി ഇരിക്കുന്നതായി കണ്ടു. കല്ല് എടുത്ത് എറിയാൻ ശ്രമിച്ചപ്പോൾ ജീവി എഴുന്നേൽക്കുന്നത് കണ്ട് ഭയന്ന വീട്ടമ്മ വീട്ടിലേക്ക് ഒ‍ാടിക്കയറുന്നതിനിടെ മറിഞ്ഞു വീണു.ബഹളം കേട്ട് വീട്ടുകാരും അയൽവാസികളും പരിസരത്തെല്ലാം നിരീക്ഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. ഇതോടെ നാട്ടുകാർക്കും വീട്ടുകാർക്കും സംശയമായി. വാർത്ത പരന്നതോടെ പരിഭ്രാന്തരായിരിക്കുകയാണ് കണ്ണനല്ലൂർ നോർത്ത് വാർഡിലെ ജനങ്ങൾ. ഇന്നലെ പുലർച്ചെ 5.30നാണ് ഗുരുമന്ദിരത്തിന് സമീപത്തുള്ള കെഐപി കനാലിനോട് ചേർന്ന വീടിന് സമീപത്തെ പറമ്പിലാണ് ആദ്യം കരടിയെ കണ്ടതെന്ന് പറയുന്നത്. പിന്നീട് കരടിയെ മറ്റൊരു സ്ഥലത്തു കണ്ടതായി നാട്ടുകാരായ മറ്റു 2 പേരും പറഞ്ഞു.കാട് മൂടിക്കിടക്കുന്ന കെഐപി കനാൽ വഴി കരടി എത്തിയതായിരിക്കുമെന്ന സംശയത്തിലായിരുന്നു നാട്ടുകാർ. തുടർന്ന് ജനപ്രതിനിധികളെ വിളിച്ചറിയിച്ചു. തുടർന്ന് വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടമ്മ കണ്ടത് വലിയ കാട്ടു പന്നിയെ ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച ശേഷം അറിയിച്ചു. കരടി സ്ഥലത്ത് എത്തുമ്പോൾ ഉണ്ടാകുന്ന ഒരു ലക്ഷണവും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം തങ്ങൾ കണ്ടത് കരടിയെ തന്നെയെന്ന ഉറച്ച നിലപാടിലാണ് വീട്ടമ്മയും നാട്ടുകാരും. 2 ദിവസം മുൻപാണ് കെഐപി കനാൽ വഴി വെളളം എത്തിയത്. കനാൽ ശുചീകരണം നടത്താൻ കെഐപി അധികൃതർ തയാറാകുന്നില്ലെന്നും പഞ്ചായത്ത് അധികൃതർ ശുചീകരണത്തിനു ശ്രമിച്ചാൽ അനുവദിക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.

Related Articles

Back to top button