വരൻ ഒന്ന്… വധു രണ്ട്….
ഇരട്ടസഹോദരിമാർ പലപ്പോഴും പല കാര്യങ്ങളിലും ഒരുപോലെ ആയിരിക്കും. എന്ന് കരുതി അവർ ഇരുവരും ഒരാളെ ഒരേസമയം വിവാഹം കഴിക്കുമോ? ഇല്ല എന്നാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ തെറ്റി. അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ഇരട്ട സഹോദരിമാർ ഒരാളെ വിവാഹം ചെയ്തു.
ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാരാണ് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസ് താലൂക്കിലെ അക്ലൂജിൽ വച്ച് ഒരേ പുരുഷനെ വിവാഹം കഴിച്ചത്. വിവാദമായ വിവാഹത്തിന് യുവതികളുടെയും പുരുഷന്റെയും വീട്ടുകാർ സമ്മതിച്ചു.
വിവാഹത്തെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇത് നിയമപരമാണോ, ധാർമ്മികമാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉയർന്ന് തുടങ്ങി. മുംബൈയിൽ ഐടി എഞ്ചിനീയർമാരായി ജോലി ചെയ്യുന്ന ഇരട്ട സഹോദരിമാരായ റിങ്കി, പിങ്കി എന്നിവരാണ് ഒരേസമയം അതുൽ എന്ന യുവാവിനെ വിവാഹം കഴിച്ചത്. രണ്ട് ഇരട്ട സഹോദരിമാരും ജനിച്ച ദിവസം മുതൽ ഒന്നിച്ച് കഴിയുന്നവരാണ്. ഇരുവരും ഐഡന്റിക്കൽ ട്വിൻസ് ആണ് എന്നും പറയുന്നു.
മൽഷിറാസ് താലൂക്കിൽ നിന്നുമുള്ള അതുൽ എന്ന വരന് പെൺകുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇവരുടെ അച്ഛൻ മരിച്ചത്. അതേ തുടർന്ന് യുവതികൾ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഒരിക്കൽ രണ്ട് സഹോദരിമാർക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോൾ അവർ അതുലിന്റെ കാറിലാണ് ആശുപത്രിയിൽ പോയത്. ആ സമയത്താണ് അതുൽ രണ്ട് യുവതികളുമായി അടുക്കുന്നത്. ഏതായാലും വിവാഹവാർത്ത വൈറലായതോടെ ആളുകൾ വിവിധ മീമുകളും മറ്റുമായി ഇതിനോട് പ്രതികരിച്ചു.