വയനാട് ഉരുൾപൊട്ടൽ.. സംസ്ഥാനത്ത് ദുഃഖാചരണം.. പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെക്കും…

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ ദുരന്തം കണക്കിലെടുത്ത് ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവനഷ്ടപ്പെട്ടതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണം നടത്തുന്ന ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറാണദ്ദേഹം. ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായാണു സ്‌പെഷ്യൽ ഓഫിസറെ സർക്കാർ നിയോഗിച്ചത്.

Related Articles

Back to top button