വയനാട് ഉരുൾപൊട്ടൽ.. പാലം നിർമിക്കുന്ന സാമ​ഗ്രികളുമായി സൈന്യം ഉടനെയെത്തും.. ചൂരൽ മലയിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം…

കൽപ്പറ്റ: ചൂരൽമലയിലേക്കുള്ള റോഡിൻ്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താൽകാലിക പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സാമ​ഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം കണ്ണൂർ എയർപോർട്ടിൽ എത്തിയിട്ടുണ്ട്. അടിയന്തരമായി ട്രക്കുകളിൽ സാമ​ഗ്രികൾ ദുരന്ത സ്ഥലത്തെത്തിക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് പാലം നിർമാണത്തിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. യുദ്ധകാലടിസ്ഥാനത്തിലാണ് നിർമാണ പ്രവൃത്തികൾ പുരോ​ഗമിക്കുന്നത്. ഇതോടെ, മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാദൗത്യം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

ചൂരൽമലയിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ സൈന്യം നിർമിച്ച താത്ക്കാലിക പാലത്തിലൂടെ 1000 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചിരുന്നു. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായുള്ള സൈനികരാണ് ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമിച്ചത്. മണിക്കൂറുകളോളം അപകടസ്ഥലത്ത് ഒറ്റപ്പെട്ടവരെ ഇതിലൂടെയാണ് രക്ഷപ്പെടുത്തിയത്.

Related Articles

Back to top button