വയനാട് ഉരുൾപൊട്ടൽ.. അട്ടൽമലയിലെ രക്ഷാപ്രവർത്തനം ദുഷ്കരം.. അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകൾ എത്തിക്കുന്നു …

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും എത്തിക്കുന്നു. ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം വെല്ലുവിളിയാണെന്ന് സൈന്യം അറിയിച്ചു. ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് എത്തുക പ്രയാസകരമാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു.

ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയത്. പത്താം വാർഡായ അട്ടമലയാണ് ദുരന്തത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശം. അതിനാലാണ് രക്ഷാ പ്രവർത്തനം ആദ്യം അങ്ങോട്ട് കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനിടെ, തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങൾ ഉടൻ പുറപ്പെടും. 5 മണിക്ക് വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേക്ക് പോകും. രക്ഷാപ്രവർത്തന ഉപകരണങ്ങളടക്കമാണ് ഈ സംഘം എത്തുന്നത്. കണ്ണൂരിൽ നിന്നുള്ള സൈനിക സംഘവും ചൂരൽമലയിൽ എത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി ഉയർന്നു.

Related Articles

Back to top button