വയനാട് ഉരുൾപൊട്ടലിൽ ശ്രുതിക്ക് കുടുംബം നഷ്ടമായി…വാഹനാപകടത്തിൽ പ്രതിശ്രുത വരൻ്റെ നില ഗുരുതരം…

വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ്റെ ആരോഗ്യ നില ഗുരുതരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിൽ കഴിയുകയാണ്. ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ. അപകടത്തിൽ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.

ഇന്നലെ വൈകുന്നേരമാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളാരം കുന്നിലെ വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. ‌വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബസില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്.

ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഒറ്റക്കായി പോയ ശ്രുതിയെ ജെൻസണ്‍ കൈപിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുന്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ഇരുവർക്കും നേരിടേണ്ടി വരുന്നത്.

Related Articles

Back to top button