വയനാട്ടിലെ വന്യജീവി ആക്രമണം….ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി ഒ.ആർ കേളു….
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒ.ആര് കേളു സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റു. വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാനുള്ള നടപടികൾ നടക്കുകയാണെന്നും ചുമതലയേറ്റ ശേഷം മന്ത്രി പറഞ്ഞു.വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കും. വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ മുമ്പ് പലതവണ ഉണ്ടായിട്ടുണ്ട്. പ്രശ്നപരിഹാരങ്ങൾക്ക് വയനാട്ടിലെ എം.എൽ.എമാരും എം.പിയുമായി കൂടിയാലോചിക്കും. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. എല്ലാവരും ഒരുമിച്ചുചേർന്നുകൊണ്ട് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തല വകുപ്പ് സമിതി വിളിച്ച് ചേർത്ത് പട്ടികജാതി-വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ‘കോളനി’ പദം മാറ്റുന്നതിനെ പറ്റി അതിന്റെ നിയമവശങ്ങൾ പഠിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടുകാരുടെ പ്രതീക്ഷക്ക് ഒത്തു ഉയർന്ന് പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.