വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ച രണ്ട് പേരുടെയും സംസ്കാരം ഇന്ന്…
തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ച പാലാട്ടിയിൽ അബ്രഹാമിന്‍റെയും വത്സലയുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കരിക്കും.
കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ആണ് അബ്രഹാം മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപ യാത്രയായി കക്കയത്തേക്ക് കൊണ്ട് പോകും. വൈകിട്ട് നാല് മണിയോടെ കക്കയം പള്ളിയിലാകും സംസ്കാര ചടങ്ങുകൾ. കുടുംബത്തിന് ഇന്ന് തന്നെ സഹായധനമായ 10 ലക്ഷം നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടിക്കാൻ ആണ് വനം വകുപ്പിൻ്റെ തീരുമാനം. തുടർച്ചയായി കാട്ടുപോത്ത് ആക്രമണം ഉണ്ടാകുന്നതിനാൽ ഭീതിയിലാണ് കക്കയത്തെ ജനങ്ങൾ. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു. ഇന്ന് കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതിരപ്പിള്ളിയില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സല എന്ന എഴുപത്തിയഞ്ചുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. രാവിലെ ചാലക്കുടി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും. മേഖലയില്‍ കരിദിനമാചരിക്കാന്‍ കോണ്‍ഗ്രസും ആഹ്വാനം ചെയ്തിട്ടുണ്ട്.