വന്ദനാ ദാസിൻ്റെ കൊലപാതകത്തിൽ പ്രതിക്ക് നേരിട്ട് പങ്കില്ല….ആളൂർ കോടതിയിൽ…

കൊച്ചി: ഡോ വന്ദനാ ദാസ് കൊലക്കേസിൽ വിടുതൽ ഹർജി നൽകി പ്രതിഭാഗം. പ്രതിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന് സന്ദീപിനായി ഹാജരായ അഡ്വക്കേറ്റ് ബി എ ആളൂർ വാദിച്ചു. വന്ദനയുടെ മരണത്തിന് കാരണം മെഡിക്കൽ നെഗ്ലിജൻസും പൊലീസിന്റെ വീഴ്ചയുമാണെന്നും കേസ് പരിഗണിച്ച കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്റ്റിക് ആൻഡ് സെഷൻസ് കോടതിയിൽ ആളൂർ വാദിച്ചു.കേസിന്റെ കുറ്റപത്രം കോടതിയിൽ വായിച്ചു. പ്രതിയെ നേരിട്ട് കോടതിയിൽ എത്തിക്കണമെന്ന കോടതി ഉത്തരവനുസരിച്ച് തിരുവനന്തപുരത്ത് ജയിലിൽ കഴിയുന്ന പ്രതി സന്ദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കി. പ്രതിയ്ക്ക് അമ്മയുമായി സംസാരിക്കാൻ കോടതി അവസരം നൽകി. കേസ് പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി.

2023 മെയ് 10നാണ് കടുത്തുരുത്തി സ്വദേശിനിയായ ഡോക്ടർ വന്ദനദാസിനെ കുടവട്ടൂർ സ്വദേശിയായ സന്ദീപ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദന ദാസിനെ കുത്തിക്കൊന്നത്. കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് മേൽക്കോടതിയെ സമീപിക്കാനാണ് വന്ദനയുടെ വീട്ടുകാരുടെ തീരുമാനം.

Related Articles

Back to top button