വടകരയിൽ സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം..ക്യാമ്പ് ചെയ്ത് എഡിജിപി…
ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന നാളെ വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ക്രമസമാധന ചുമതലയുളള എഡിജിപി വടകരയിൽ ക്യാമ്പ് ചെയ്യുകയാണ്.രഹസ്യാന്വേഷണ വിഭാഗമാണ് സംഘർഷ മുന്നറിയിപ്പ് നൽകിയത്. ഡിജിപി വിളിച്ച യോഗത്തിലാണ് എഡിജിപി വടകരയിൽ ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചത്.
വടകരയിൽ 600 അംഗ സായുധസേനയെ വിന്യസിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ കഴിഞ്ഞാലും സേനയെ പിൻവലിക്കരുതെന്ന് നിർദേശമുണ്ട്. വടകരയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന് കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിംഗ് നേരത്തെ അറിയിച്ചിരുന്നു. ആഹ്ളാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്നും നിർദേശം. ഇന്ന് വൈകിട്ട് മുതൽ നാളെ വൈകിട്ട് വരെ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.