ലോ കോളേജിൽ കെ എസ് യു വനിതാനേതാവിനെ എസ്.എഫ്.ഐ ക്കാർ റോഡിലൂടെ വലിച്ചിഴച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ – കെ എസ് യു സംഘർഷം. കെ എസ് യു വനിതാനേതാവിനെ എസ് എഫ് ഐക്കാർ മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്നയെ ആണ് എസ്.എഫ്.ഐ പുരുഷ സഖാക്കൾ റോഡിലൂടെ വലിച്ചിഴച്ച് മർദ്ദിച്ചത്.
ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. യൂണിയൻ ഡേയുമായി ബന്ധപ്പെട്ട് കോളജിൽ സംഗീത പരിപാടി നടക്കുന്നതിടയിൽ കെ.എസ്.യു യൂണിറ്റ് ജനറൽ സെക്രട്ടറി ആഷിക് അഷറഫിനെ എസ്എഫ്ഐ പ്രവർത്തകരായ അനന്തകൃഷ്ണൻ, ആബിദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് യൂണിറ്റ് പ്രസിഡന്റ് നഫ്നയെയും നിതിനെയും 20ഓളം സംഘം കോളജ് ഗേറ്റിന് സമീപത്തേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് മർദ്ദിച്ചത്. സഫ്‌നയെ റോഡിൽ തള്ളിയിട്ട ശേഷം വളഞ്ഞിട്ട് ചവുട്ടുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തിയാണ് മൂവരെയും രക്ഷിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകർ ആശുപത്രിയിൽ ചികിത്സ തേടി. കെ.എസ്.യുവിന്‍റെ പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി മ്യൂസിയം പൊലീസ് അറിയിച്ചു. മർദ്ദനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ കെഎസ് യു പ്രവർത്തകർ പൊലീസിന് കൈമാറിയിട്ടുണ്ട്.