ലോറി നന്നാക്കുന്നതിനിടെ ഭാരം കയറ്റുന്നഭാഗം താഴേക്ക് പതിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം.

പുല്ലാട്: ടിപ്പർ ലോറിയുടെ ഹൈഡ്രോളിക് സംവിധാനം നന്നാക്കുന്നതിനിടെ, ഭാരം കയറ്റുന്നഭാഗം താഴേക്ക് പതിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി മാടപ്പള്ളി വല്യവീട്ടിൽ വി.എൻ. സന്തോഷ് (52) ആണ് മരിച്ചത്. എഴുമറ്റൂരിലുള്ള സ്വകാര്യവർക്ക് ഷോപ്പിലെ ജീവനക്കാരനാണ്. പുല്ലാട് വള്ളിക്കാല ജങ്ഷന് സമീപമുള്ള സ്വകാര്യ ഫാമിലെ ടിപ്പർ ലോറിയുടെ ഹൈഡ്രോളിക് തകരാറ് പരിഹരിക്കുന്നതിനിടെയാണ് അപകടം.

വെള്ളിയാഴ്ച പതിനൊന്നുമണിയോടാണ് ലോറി നന്നാക്കാനായി സന്തോഷ് എത്തിയത്. ടിപ്പറിന്റെ ബോഡിപൊക്കുന്നതിനും താഴ്ത്തുന്നതിനുമുള്ള ഹൈഡ്രോളിക് സംവിധാനത്തിനായിരുന്നു തകരാറ്. ഡ്രൈവർ ടോറസിന്റെ ബോഡി പൊക്കി നിർത്തിയശേഷം സ്പാനർ എടുക്കാൻ പോയി. കാബിന് തൊട്ടുപിൻഭാഗത്ത് ചെയ്സിൽ ഇരുന്ന് സന്തോഷ് പണികൾ ചെയ്യുന്നതിനിടെ, പൊക്കി നിർത്തിയിരുന്ന ബോഡി വേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. കാബിനും ബോഡിക്കും ചെയ്സിനും ഇടയിലായി സന്തോഷ് അമർന്നു. തല ചതഞ്ഞുപോയി. കൈകാലുകൾ പുറത്ത് കാണാമായിരുന്നു.

വലിയ ശബ്ദംകേട്ട് ഓടിവന്ന ഡ്രൈവർക്കും നാട്ടുകാർക്കും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ടിപ്പർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനാൽ ബോഡി മുകളിലേക്ക് ഉയർത്താനായില്ല.

Related Articles

Back to top button