ലോഡ്ജില്‍ മുറിയെടുത്തത് കള്ളപ്പേരില്‍… മുഴുവന്‍ സമയവും മദ്യപാനം….
കാഞ്ഞങ്ങാട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മുറിയെടുത്തത് കള്ളപ്പേരില്‍. ഇയാള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാറില്ലായിരുന്നു എന്നും ഇന്ന് റൂം ഒഴിയുമെന്നാണ് അറിയിച്ചിരുന്നതെന്നും ലോഡ്ജ് ജീവനക്കാര്‍ വ്യക്തമാക്കി.
ഈ മാസം രണ്ടിന്, പെരിന്തല്‍മണ്ണ സ്വദേശി രാജേഷ് എന്ന പേരിലാണ് അരുണ്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഡ്രൈവര്‍ ആണെന്നാണ് പറഞ്ഞത്. മിക്കപ്പോഴും മുറിയില്‍ തന്നെയായിരുന്നു. മുഴുവന്‍ സമയവും മദ്യപിച്ച അവസ്ഥയില്‍ ആയിരുന്നു. വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. ഇന്ന് മുറിയില്‍ നിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് സൈബര്‍ അധിക്ഷേപ കേസിലെ പ്രതിയാണെന്ന സംശയം ഉയര്‍ന്നത്.
അരുണ്‍ വിദ്യാധരന്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. സമീപത്തു നിന്നും ഉറക്കഗുളികയെന്നു സംശയിക്കുന്നവയുടെ പായ്ക്കറ്റും കണ്ടെടുത്തു.