ലോക്സഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഷെയ്ഖ് അബ്ദുൾ റാഷിദിന് പരോൾ അനുവദിച്ചു…
ജമ്മുകശ്മീരിലെ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച എഞ്ചിനീയർ റാഷിദ് എന്നറിയപ്പെടുന്ന കാശ്മീർ നേതാവ് ഷെയ്ഖ് അബ്ദുൾ റാഷിദിന് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിച്ചു. ജൂലൈ അഞ്ചിന് രണ്ട് മണിക്കൂർ നേരത്തേക്കാണ് പരോൾ. നിബന്ധനകളോടെയാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ചന്ദർ സിങ് റാഷിദിന് പരോൾ അനുവദിച്ചത്.
പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി സമ്മതം നൽകിയതിന് തൊട്ടുപിന്നാലെയാണിത്. മൊബൈൽ ഫോൺ ഉപയോഗിക്കരുത്, ഇന്റർനെറ്റ് ഉപയോഗിക്കരുത്, മാധ്യമപ്രവർത്തകരോട് സംസാരിക്കരുത് എന്നിവയാണ് നിബന്ധനകൾ. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യം കോടതി അനുവദിച്ചെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ ചിത്രങ്ങളെടുക്കാനോ ഏതെങ്കിലും രൂപത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും കോടതി അനുമതി നിഷേധിച്ചു. 2017ലെ തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുകയാണ് റാഷിദ്. യു.എ.പി.എ പ്രകാരം കേന്ദ്ര ഏജൻസി കുറ്റം ചുമത്തിയതിനെ തുടർന്ന് 2019 മുതൽ അദ്ദേഹം ജയിലിലാണ്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ജമ്മു കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു.