ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി..അയോധ്യ രൂപം കത്തിച്ച് പ്രതിഷേധം…
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ യു.പിയിൽ ബി.ജെ.പി പ്രവർത്തകൻ പ്രതിഷേധിച്ചത് അയോധ്യ രൂപം കത്തിച്ച്. ബി.ജെ.പിയുടെ ഷാൾ അണിഞ്ഞുകൊണ്ടാണു പ്രവർത്തകൻ അയോധ്യ എന്ന് എഴുതിയ രൂപം കത്തിച്ചത്.രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ ബി.ജെ.പി തോറ്റിരുന്നു. രാമക്ഷേത്രം പ്രധാന ആയുധമാക്കിയിട്ടും സംസ്ഥാനത്തും പാർട്ടി വൻ തിരിച്ചടിയാണു നേരിട്ടത്.
അഭിഭാഷകനായ മനീഷ് കുമാർ എന്നയാളാണ് ബി.ജെ.പി പ്രവർത്തകന്റെ രോഷപ്രകടനത്തിന്റെ വിഡിയോ എക്‌സിൽ പങ്കുവച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാനറും പിടിച്ച്, ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയുടെ പേരെഴുതിയാണ് തീകൊളുത്തിയിരിക്കുന്നത്. പരാജയത്തിന്റെ വേദന അത്രയും ആഴത്തിലുള്ളതാണ്. ഇയാളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും യു.പി, അയോധ്യ പൊലീസിനെ ടാഗ് ചെയ്ത് മനീഷ് പോസ്റ്റിൽ ആവശ്യപ്പെട്ടു.സംഭവത്തില്‍ അയോധ്യ പൊലീസ് പ്രതികരിച്ചിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതായി ഇതേ വിഡിയോയ്ക്കു താഴെ പൊലീസ് അറിയിച്ചു.