ലോക്സഭാ തിരഞ്ഞെടുപ്പ്… ഡിജിറ്റൽ പ്രചാരണത്തിൽ മുന്നിൽ ബിജെപി….
ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർഥികൾ നേരിട്ട് വോട്ടർമാരെ കാണുന്നതും സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാൽ യുവ വോട്ടർമാരെ ആകർഷിക്കാനുള്ള തന്ത്രങ്ങളും എല്ലാ പാർട്ടികളും പയറ്റുന്നുണ്ട്. എന്നാൽ 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ സമൂഹമാധ്യങ്ങളിലൂടെയുള്ള പ്രചാരണത്തിൽ ബിജെപി തന്നെയാണ് മുന്നിൽ.വാട്സാപ്പ്, എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേയ്സ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ ട്രെൻഡിങ് ആയ ഉള്ളടക്കങ്ങളാണ് പങ്കുവെയ്ക്കപ്പെടുന്നത്. വാട്സാപ്പാണ് പ്രധാനപ്പെട്ട പ്രചാരണ മാർഗ്ഗം. 50 ലക്ഷം വാട്സാപ്പ് ഗ്രൂപ്പുകളാണ് ബിജെപിയുടെ ഐടി സെല്ലിൻ്റെ കീഴിൽ പ്രവർത്തിക്കുന്നതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. വെറും 12 മിനിറ്റിനുള്ളിൽ ഡൽഹിയിൽ നിന്നും രാജ്യത്തിൻ്റെ മുക്കിലും മൂലയിലും വാട്സാപ്പിലൂടെ സന്ദേശങ്ങളെത്തും. മുൻ വർഷങ്ങളിൽ ഇത് 40 മിനിറ്റായിരുന്നു. വരും വർഷങ്ങളിൽ 5 മിനിറ്റായി ഈ സമയം ചുരുക്കാനാണ് ശ്രമിക്കുന്നത്.2019 വരെ ബിജെപിയുടെ പരസ്യബജറ്റിൻ്റെ സിംഹഭാഗവും ഫേയ്സ്ബുക്കിനായിരുന്നു. എന്നാൽ ഇപ്പോൾ കഥമാറി. ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്സുമാണ് താരം. പരസ്യത്തിനായി പൈസ ചെലവഴിക്കുന്നതും ഇതിലൂടെയുള്ള പ്രചാരണത്തിനാണ്.കഴിഞ്ഞ ഒരുമാസത്തിനിടെ ഫേയ്സ്ബുക്കിലെ പ്രധാന ബിജെപി ഹാൻഡിലൽ പരസ്യത്തിനായി മാത്രം ചെലവായത് 1.77 കോടിയാണ്. ഗൂഗിൾ പരസ്യത്തിനാകട്ടെ ഫെബ്രുവരി 1 മുതൽ മാർച്ച് 4 വരെ ചെലവാക്കിയത് 30 കോടിയും.