ലോക്‌സഭയില്‍ കത്തിക്കയറി നീറ്റ്..രാഹുലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ..ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു…
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍. പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ സഭ പ്രഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവച്ചു. തിങ്കളാഴ്ച്ച വീണ്ടും സഭ കൂടുമെന്ന് സ്പീക്കർ അറിയിച്ചു.
കോണ്‍ഗ്രസ് എം പി കെ സി വേണുഗോപാലാണ് നെറ്റ്-നീറ്റ് പരീക്ഷാ വിവാദത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് സമര്‍പ്പിച്ചത്.പ്രതിപക്ഷം രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞു.രാജ്യത്തെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.എന്നാൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച നടക്കേണ്ടതിനാൽ വിഷയം ഇന്ന് ചർച്ച ചെയ്യാനാവില്ലെന്നാണ് സ്പീക്കർ ഓം ബിർള ലോക്സഭയിൽ അറിയിച്ചത്.ഇതോടെ സഭ പ്രഷുബ്‌ദം ആവുകയായിരുന്നു.ഇതിനിടെ രാഹുലിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കി.