ലോകത്തെ ആദ്യ വുഡന്‍ സാറ്റ്ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ; ലിഗ്നോസാറ്റ് ബഹിരാകാശത്തേക്ക് അയച്ചത് ചൊവ്വാഴ്ച രാവിലെ
ചന്ദ്രനിലും ചൊവ്വയിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും തടി കൊണ്ടുള്ള വീടുകള്‍ നിര്‍മിക്കുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ആദ്യ ചുവടുവെപ്പെന്ന നിലയിൽ ലോകത്തെ ആദ്യ വുഡന്‍ സാറ്റ്ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ. ലോഹ പാളിക്ക് പകരം പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച് ലിഗ്നോസാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ കൃത്രിമ ഉപഗ്രഹം ചൊവ്വാഴ്ച രാവിലെയാണ് ബഹിരാകാശത്തേക്ക് അയച്ചത്. മരം കൊണ്ടുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും വളരെ സങ്കീര്‍ണമായ ബഹിരാകാശ കാലാവസ്ഥയെ തടി കൊണ്ടുള്ള ഉല്പന്നങ്ങള് എങ്ങനെ അതിജീവിക്കുമെന്ന് മനസിലാക്കാനും ഇതിലൂടെ കഴിയുമെന്നാണ് ജപ്പാനിലെ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
പാർപിട നിർമാതാക്കളായ സുമീടോമോ ഫോറസ്ട്രിയുമായി ചേർന്ന് ക്യോത്തോ സർവകലാശയിലെജ ഗവേഷകരാണ് ലിഗ്നോസാറ്റ് എന്ന ലോകത്തെ ആദ്യ വുഡൻ സാറ്റ്ലൈറ്റ് നിർമിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സിൻറെ ദൗത്യത്തിനൊപ്പം വിക്ഷേപിച്ച ലിഗ്നോസാറ്റ് പിന്നാലെ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചേർന്നു.
വരാനിരിക്കുന്ന ചാന്ദ്ര, ചൊവ്വാ പര്യവേഷണങ്ങളുടെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ജപ്പാൻ അയച്ച വുഡൻ സാറ്റ്ലൈറ്റായ ലിഗ്നോസാറ്റ്. ബഹിരാകാശത്ത് മരം കൊണ്ടുള്ള ഉൽപന്നങ്ങളും കെട്ടിടങ്ങളും എങ്ങനെ അതിജീവിക്കും എന്ന ഗവേഷകരുടെ ആകാംക്ഷയ്ക്കുള്ള ആദ്യ ഉത്തരങ്ങൾ ലിഗ്നോസാറ്റ് നൽകും. ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും തടി കൊണ്ടുള്ള വീടുകൾ നിർമിക്കുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ആദ്യ ചുവടുവെപ്പാണ് ജപ്പാൻ അയച്ച വുഡൻ സാറ്റ്ലൈറ്റ്.
ലിഗ്നോസാറ്റ് ആറ് മാസക്കാലം ഭൂമിയെ ഭ്രമണം ചെയ്യും. -100 മുതൽ 100 ഡിഗ്രിസെൽഷ്യസ് വരെ വ്യതിചലിക്കുന്ന ബഹിരാകാശ കാലാവസ്ഥയെ ഈ വുഡൻ കൃത്രിമ ഉപഗ്രഹം എങ്ങനെ അതിജീവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകമെമ്പാടുമുള്ള ബഹിരാകാശകുതകികൾ.
‘1900ങ്ങളുടെ തുടക്കത്തിൽ വിമാനങ്ങൾ തടികൾ ഉപയോഗിച്ച് നിർമിച്ചിരുന്നു. അതിനാൽ വുഡൻ സാറ്റ്ലൈറ്റും പ്രായോഗികമാണ്. ഭൂമിയിലേക്കാൾ കൂടുതൽ മരക്കഷണങ്ങൾക്ക് ബഹിരാകാശത്ത് ആയുസുണ്ടാകും. ബഹിരാകാശത്ത് വെള്ളവും ഓക്സിജനും ഇല്ലാത്തതിനാൽ അഴുകാത്തതും കത്താത്തതുമാണ് ഇതിന് കാരണം’ എന്നും ക്യോത്തോ സർവകലാശയിലെ ഫോറസ്റ്റ് സയൻസ് വിഭാഗം പ്രൊഫസറായ കോജി മുറാത്ത അഭിപ്രായപ്പെട്ടു.




