ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ നിന്ന് ചാടി… 17കാരിക്ക് ഗുരുതര പരുക്ക്….

ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ പതിനേഴുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരക്കേറിയ റോഡിലൂടെ പെൺകുട്ടി ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ നിമിഷം ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കാൽനടയാത്രക്കാർ പെൺകുട്ടിയെ സഹായിക്കുന്നത് വീഡിയോയിൽ കാണാം. റോഡിൽ തെറിച്ചുവീണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് മറ്റൊരു കാർ കയറി ഇറങ്ങാതെ പോയത് തലനാരിഴയ്ക്കാണെന്നത് ദൃശ്യങ്ങളിൽ കാണാം. ബൈക്കിലെത്തിയ മറ്റൊരാൾ റോഡിൽ വീണുകിടക്കുന്ന പെൺകുട്ടിയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം. ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം.

ട്യൂഷൻ ക്ലാസ് കഴിഞ്ഞതിന് ശേഷം പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറിയെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോ ഡ്രൈവറായ സയ്യിദ് അക്ബർ ഹമീദ് പൊതുവായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എന്നാൽ ക്രമേണ പെൺകുട്ടിയെ ഭയപ്പെടുത്തുന്ന അശ്ലീല പരാമർശങ്ങൾ നടത്തി. പിന്നീട് അയാൾ ആശ്ലീലപരാമർശങ്ങൾ നടത്തുകയും വാഹനത്തിന് വേഗം കൂട്ടുകയും ചെയ്തു. ഇതോടെ ഭയന്ന പെൺകുട്ടി ഓട്ടോയിൽ നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടാനായത്. റോഡിലെ 40 സിസിടിവികളുടെ സഹായത്തോടെ ഓട്ടോ ഡ്രൈവറുടെ സ്ഥലം കണ്ടെത്തി. ഹമീദ് എന്ന ഓട്ടോ ഡ്രെെവർ മുംബൈ നിവാസിയാണ്. അഞ്ച് മാസം മുമ്പ് ഔറംഗബാദിലേക്ക് താമസം മാറിയ ഇയാൾ വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button