ലണ്ടനിൽ വെടിവെപ്പിൽ വെടിയേറ്റ പത്ത് വയസുള്ള മലയാളി ബാലികയുടെ നില അതീവ ഗുരുതരം…..
ലണ്ടനിലെ ഹാക്ക്നിയിൽ ബുധനാഴ്ച രാത്രിനടന്ന വെടിവെപ്പിൽ പത്ത് വയസുള്ള മലയാളി ബാലികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. മറ്റ് മൂന്ന് പേർക്കും വെടിയേറ്റിട്ടുണ്ട്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റോറന്റിന് സമീപം ബൈക്കിൽ എത്തിയ ആളാണ് വെടിവെപ്പ് നടത്തിയത്.അക്രമികളുടെ ലക്ഷ്യം പെൺകുട്ടിക്ക് ഒപ്പം വെടിയേറ്റ മറ്റ് മൂന്ന് പുരുഷന്മാരായിരുന്നുവെന്നാണ് വിവരം.
സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. തോക്ക് വിദഗ്ധർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസുകാരും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. മലയാളി പെൺകുട്ടിയെ കൂടാതെ വെടിയേറ്റ മൂന്ന് പേരെയും കിഴക്കൻ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്