ലക്ഷദ്വീപില്‍ പുതിയ നാവിക കേന്ദ്രം കമ്മീഷന്‍ ചെയ്തു…
സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപില്‍ പുതിയ നാവിക കേന്ദ്രം കമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ നാവികസേന. ‘ഐഎന്‍എസ് ജടായു’ എന്നാണ് പുതിയ നാവികസേനാ കേന്ദ്രത്തിന്റെ പേര്. ലക്ഷദ്വീപിലെ മിനിക്കോയിലാണ് പുതിയ നാവികസേനാ കേന്ദ്രം. പടിഞ്ഞാറന്‍ അറബിക്കടല്‍ കേന്ദ്രീകരിച്ച് നടക്കുന്ന കടല്‍ക്കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്ക് തടയിടുക എന്നതും സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നതുമാണ് ലക്ഷ്യം.പുതിയ നാവികസേനാ കേന്ദ്രം ഇന്ത്യന്‍ നാവികസേനയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും. കമാന്‍ഡന്റ് വ്രത് ബാഗേലിന്റെ നേതൃത്വത്തിലാണ് ഐഎന്‍എസ് ജടായു കമ്മീഷന്‍ ചെയ്തിരിക്കുന്നത്. സീതാ ദേവിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച രാമായണത്തിലെ ഇതിഹാസ കഥാപാത്രമായ പക്ഷിയുടെ നാമമാണ് പുതിയ സൈനിക കേന്ദ്രത്തിന് നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ പറഞ്ഞു.