റോഡ് അടച്ചു… കരാറുകാരനെ സിപിഎം കൗൺസിലറും സംഘവും മര്‍ദ്ദിച്ചു…
തിരുവനന്തപുരം: സ്മാർട്ട് റോഡ് നിർമാണത്തിനായി റോഡ് അടച്ചതിന്റെ പേരിൽ പ്രതിഷേധവും തല്ലും. സ്മാർട്ട് റോഡ് കോൺട്രാക്ടർക്ക് മർദ്ദനമേറ്റതായി പരാതി. തൈക്കാട് ആര്‍ട്‌സ് കോളേജിന്റെ ഭാഗത്താണ് സംഭവം നടന്നത്. ഈ ഭാഗത്ത് റോഡ് അടച്ചതിനെതിരെ കൗൺസിലര്‍ മാധവദാസിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് കരാറുകാരനായ സുധീറിനെ ഇവര്‍ മര്‍ദ്ദിച്ചതെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പൊലീസിന്റെ സംരക്ഷണയിൽ ഇവിടെ റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു.
എല്ലാ റോഡും ഒന്നിച്ച് അടച്ചിട്ട് പണി നടത്തുകയാണ് പണി എളുപ്പം പൂർത്തിയാക്കാൻ നല്ലതെന്നാണ് സ്മാർട്ട് സിറ്റി അധികൃതരുടെ വാദം. എന്നാൽ ഇതുകൊണ്ട് നഗരത്തിൽ താമസിക്കുന്ന ആളുകൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പ്രധാന റോഡ് കുത്തിപ്പൊളിച്ചിട്ടാണ് പണി നടത്തുന്നത്. വാഹനങ്ങൾ റോഡിൽ ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. അത്യാഹിത ഘട്ടങ്ങളിൽ ആംബുലൻസും ഫയർഫോഴ്സ് വാഹനങ്ങളും പോലും ഈ വഴി സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.