റോട്ട് വീലർ ആക്രമണത്തിൽ പരിക്കുകളോടെ 12 വയസുകാരൻ ആശുപത്രിയിൽ…

തമിഴ്നാട്ടിൽ വീണ്ടും റോട്ട് വീലർ വളർത്തു നായയുടെ ആക്രമണം. 12 വയസുകാരന് ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ നുങ്കംപക്കത്ത് അഞ്ച് വയസുകാരിയെ പാർക്കിൽ വെച്ച് റോട്ട് വീലർ നായ ആക്രമിച്ച വാർത്തകൾ ഏതാനും ദിവസങ്ങൾ മുമ്പാണ് പുറത്തുവന്നത്. ഈ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജെറാൾഡിനെയാണ് (12) റോട്ട് വീലർ നായ ആക്രമിച്ചത്. ശനിയാഴ്ച വൈകുന്നേരം ചെന്നൈയിലുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് പോകാനായി നടക്കുമ്പോഴായിരുന്നു അടുത്ത വീട്ടിലെ റോട്ട് വീലറും മറ്റൊരു നായയും പിന്തുടർന്നെത്തി ജെറാൾഡിനെ കടിച്ചത്. കുട്ടിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. റോട്ട് വീലറിനൊപ്പം കുട്ടിയെ ആക്രമിച്ചത് പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയാണെന്നാണ് നാട്ടുകാർ പറയുന്നത്.

കുട്ടിയുടെ നിലവിളി കേട്ട് വീട്ടുടമസ്ഥനും പരിസരത്തുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. മുഖത്തും ചെവിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കുകളുണ്ട്. നായയെ നാളെ മൃഗ സംരക്ഷണ വകുപ്പിന്റെ ഷെൽട്ടറിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button