റെയിൽവേ സ്റ്റേഷനിൽ ഉടമകളില്ലാത്ത ട്രോളി ബാഗും ഷോൾഡർ ബാഗും…. പരിശോധിച്ചപ്പോൾ 28 കിലോ കഞ്ചാവ്…

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ കഞ്ചാവ് വേട്ട. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് ബാഗുകളിൽ നിന്നായി ഇരുപതിലേറെ കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്, ആർപിഎഫ് സംഘവുമായി ചേർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയത്.
സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ഒരു ട്രോളി ബാഗും ഷോൾഡർബാഗും തുറന്നപ്പോഴാണ് കഞ്ചാവ് കണ്ടത്. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിൽ 18.7 കിലോഗ്രാം കഞ്ചാവും, ഷോൾഡർ ബാഗിൽ കവറിൽ പൊതിഞ്ഞ 9.425 കിലോഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തിട്ടുള്ളത്. ട്രെയിനിൽ വന്ന പ്രതികൾ പരിശോധന കണ്ടു ഭയന്ന് കഞ്ചാവ് പ്ലാറ്റ് ഫോമിൽ ഉപേക്ഷിച്ചു കടന്ന് കളഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ചു പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്സൈസ് സംഘം.

Related Articles

Back to top button