റെക്കോർഡുകൾ തകർക്കുന്ന ആടുജീവിതം…ആദ്യ അഞ്ചിൽ ആരൊക്കെ …
മലയാളം ബോക്സ് ഓഫീസിൽ ഓപ്പണിംഗ് കളക്ഷനിൽ മുന്നിലെത്താൻ വലിയ മത്സരമാണ് നടക്കുന്നത്. എന്നാൽ ഒന്നാമനായ ലൂസിഫറിന്റെ റെക്കോർഡ് തകർക്കാൻ കഴിഞ്ഞ ആറ് വർഷമായി ആർക്കും സാധിച്ചിരുന്നില്ല. ഈ വർഷം ഇതുവരെ ആ സ്ഥാനത്തെത്താൻ മത്സരിച്ചത് നാല് സിനിമകളാണ്, ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം. എന്നാൽ നറുക്ക് വീണത് പൃഥ്വിരാജിന്റെ ഗംഭീര പെർഫോമൻസിന് സാക്ഷ്യം വഹിച്ച ആടുജീവിതത്തിനാണ്.ആറ് വർഷമായി ലൂസിഫർ വഹിച്ചിരുന്ന സ്ഥാനത്തേക്ക് ആടുജീവിതം എത്തുമ്പോൾ പൃഥ്വിരാജിന്റെ നേട്ടമായി തന്നെ ഇത് തുടരുകയാണ്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷന്റെ പട്ടികയിൽ റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 64.14 കോടി സ്വന്തമാക്കി ആടുജീവിതം ഒന്നാമതെന്നാണ് ഫോറം റീൽസിന്റെ കണക്ക് സൂചിപ്പിക്കുന്നത്.രണ്ടാം സ്ഥാനക്കാരനാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫർ. 55.60 കോടിയാണ് നാല് ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് മമ്മൂട്ടി-അമൽ നീരദ് കോംബോയിൽ ഒരുങ്ങിയ മാസ് എന്റർടെയ്നർ ഭീഷ്മപർവ്വം ആണ്. ചിത്രം നാല് ദിവസം കൊണ്ട് 44.60 കോടി കളക്ട് ചെയ്തു.