റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്…

കാസർകോട്: മദ്‌റസ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വിധി പറയുക. നേരത്തെ രണ്ട് തവണ മാറ്റിയ വിധി വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്നാണ് സൂചന.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സംഘപരിവാർ പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.

Related Articles

Back to top button