റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ അയച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിയില്ല….
ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച റിയാദിൽ നിര്യാതനായ തിരുവനന്തപുരം കൽതുരുത്തി സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹം നാട്ടിലെത്തിയില്ല .എയർ ഇന്ത്യ വിമാനത്തിലായിരുന്നു മൃതദേഹം അയച്ചത് .മുംബൈയിൽ കുടുങ്ങികിടക്കുകയാണെന്നാണ് വിവരം . ഏപ്രിൽ 29 ന് തിങ്കളാഴ്ച വൈകീട്ട് 7:40 ന് റിയാദിൽ നിന്ന് മുബൈയിലേക്ക് പറന്ന എഐ 922 എയർ ഇന്ത്യ വിമാനത്തിലാണ് സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടും സുധീറിന്റെ ബന്ധുക്കളും ചേർന്ന് മൃതദേഹം നാട്ടിലേക്കയച്ചത്. പുലർച്ചെ 2:20 ന് വിമാനം മുബൈയിലെത്തിയെങ്കിലും 5:45 ന് മുബൈയിൽ നിന്നും തിരുവന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തിലേക്ക് മൃതദേഹം മാറ്റിയിരുന്നില്ല.
രാവിലെ തിരുവനന്തപുരത്ത് എത്തുന്ന എയർ ഇന്ത്യയുടെ എഐ 1657 വിമാനത്തിൽ മൃതദേഹം എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പുറത്ത് കാത്ത് നിന്നെങ്കിലും ആ വിമാനത്തിൽ സുധീറിന്റെ മൃതദേഹം ഉണ്ടായിരുന്നില്ല. അതേ വിമാനത്തിൽ റിയാദിൽ നിന്ന് തിരുവന്തപുരത്തേക്ക് പോയ സഹോദരൻ സുബൈർ മുംബൈയിൽ നിന്ന് ബോഡി തിരുവന്തപുരത്തേക്കുള്ള വിമാനത്തിൽ കയറിയിട്ടുണ്ടല്ലോ എന്ന് എയർലൈൻ ജീവനക്കാരോട് ചോദിച്ച് ഉറപ്പുവരുത്തിയപ്പോൾ ഉണ്ടെന്നാണ് മറുപടി ലഭിച്ചത്. അത് വിശ്വസിച്ചാണ് സഹോദരൻ സുബൈർ മുംബൈയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോയത് . അന്യദേശത്ത് നിന്ന് അതിവേഗം നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം അയച്ചിട്ടും ഗൗരവമില്ലാതെ കൈകാര്യം ചെയ്യുന്ന രീതി പ്രതിഷേധാർഹമാണെന്നും വിശദീകരണം നൽകാൻ കമ്പനി തയ്യാറാകണമെന്നും സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ആവശ്യപ്പെട്ടു.