റാങ്കുകൾ വാരിക്കൂട്ടി ഒരു കുടുംബം….
ആലപ്പുഴ : നിറയെ റാങ്കുകളുടെ തിളക്കവുമായി ഒരു കുടുംബം. മണ്ണഞ്ചേരി കാവുങ്കല്‍ തെക്കേ തറമൂടിന് സമീപം ആനക്കാട്ട് മഠത്തിലാണ് റാങ്കുകളുടെ ഘോഷയാത്ര. എല്‍ ഐ സി ചീഫ് അഡ്വൈസറായ പ്രമേഷ്, പെരുന്തുരുത്ത് ഭവന സഹകരണ സംഘം സെക്രട്ടറി ശോഭ ദമ്പതികളുടെ നാലുമക്കളാണ് വിജയം വാരിക്കൂട്ടിയത്. ഇത്തവണ ഈ കുടുംബത്തിലേക്ക് എത്തി ചേര്‍ന്നത് മൂന്ന് റാങ്കുകളാണ്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് പ്രവിത പി. പൈ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ മറ്റൊരു സഹോദരി പ്രമിത പി. പൈ ഇതേ സര്‍വകലാശാലയില്‍ നിന്ന് ഇതേ വിഷയത്തിന് നാലാം റാങ്ക് നേടിയത്.
ആലപ്പുഴ സെന്റ് ജോസഫ് കോളജിലെ വിദ്യാര്‍ത്ഥിയായ ഇളയ സഹോദരി പ്രജ്വല പി. പൈ ബി എസ് സി ബോട്ടണിയില്‍ കേരള സര്‍വകലാശാലയില്‍നിന്ന് അഞ്ചാം റാങ്കും കരസ്ഥമാക്കി സഹോദരിമാരോടൊപ്പം കൂടി റാങ്കുകള്‍ക്ക് തിളക്കം കൂട്ടി. രണ്ട് വര്‍ഷം മുന്‍പ് ബിരുദ തലത്തില്‍ പ്രവിതയും പ്രമിതയും ബി എസ് സി ഗണിത പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് നേടി ശ്രദ്ധ നേടിയിരുന്നു. മൂവരുടേയും ഏക സഹോദരനായ പ്രേം വിഠള്‍ പി. പൈ കേരളാ യൂണിവേഴ്‌സിറ്റിയുടെ ബി കോം പ്രൊസീജിയര്‍ ആന്‍ഡ് പ്രാക്ടീസ് കോഴ്‌സില്‍ 19ാം സ്ഥാനം നേടി വിജയിച്ചു.
ആനക്കാട്ടുമഠത്തിന് ലഭിച്ച ഈ റാങ്കുകള്‍ ജന്മനാടിനും അഭിമാനമാകുകയാണ്. അഖിലേന്ത്യാ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസില്‍ ഇടം പിടിക്കുകയെന്നതാണ് സഹോദരിമാരുടെ ഇനിയുള്ള ലക്ഷ്യം. പ്രജ്വല പി. പൈ എം എസ് സി ബോട്ടണിയിലൂടെ തന്റെ കരിയര്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. പ്രേം വിഠള്‍ സി എ ആര്‍ട്ടിക്കിള്‍ഷിപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാതാവ് ശോഭ പ്രമേഷ് പെരുന്തുരുത്ത് ഭവന സഹകരണ സംഘത്തിന്റെ സെക്രട്ടറിയാണ്.