റഹീമിൻ്റെ മോചനം ഉടൻ.. ദയാധനം സ്വീകരിക്കാം, മാപ്പും നല്കാമെന്ന് സൗദി കുടുംബം..
സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നൽകാൻ തയ്യാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. 34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച സൗദി കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിൻ്റെ അഭിഭാഷകൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ റഹീമിനു മാപ്പു നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് കുടുംബം കോടതിയെ അറിയിച്ചത്.
അഭിഭാഷകൻ മുഖേനെയാണ് ഈ വിവരം കുടുംബം കോടതിയെ അറിയിച്ചത്. ഇതിനായുള്ള തുടർനടപടികൾ തുടരുകയാണ്. തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി തേടിയിട്ടുണ്ട്. റഹീമിൻ്റെ മോചനത്തിനായി ലോകത്താകമാനമുള്ള മലയാളികൾ കൈകോർക്കുകയായിരുന്നു.
റഹീമിനായി സമാഹരിച്ച തുക ആദ്യം ബാങ്കിൽ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു കൈമാറണം. പിന്നീട് ഇന്ത്യൻ എംബസി വഴിയായിരിക്കും റിയാദ് കോടതി പറയുന്ന അക്കൗണ്ടിലേക്ക് തുക മാറ്റുക. ഇതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിനിധിയും സൗദിയിലെ റഹീം നിയമ സഹായ സമിതി ഭാരവാഹികളും ചേർന്ന് കുട്ടിയുടെ കുടുംബത്തിൻ്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. നടപടികൾ വേഗത്തിലാക്കുന്നതിനായി ഇടപെടൽ നടക്കുന്നുണ്ട്.




