റബർ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി….മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം….
വിളപ്പിൽ: സ്വകാര്യ വ്യക്തിയുടെ റബർ പുരയിടത്തിലെ ചെറിയ ചാലിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. വിളപ്പിൽശാല മുളയറ കരുമ്പാണ്ടി കിഴക്കുംകര വീട്ടിൽ വാസന്തി (62)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിളപ്പിൽ ചെറുകോട് വളക്കുഴിപ്പാറയിലെ റബർ പുരയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ റബറിന് വളമിടാൻ വന്ന തൊഴിലാളികളാണ് അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് തിരച്ചിൽ നടത്തിയത്. ഉച്ചയ്ക്ക് 2 ന് എസ്റ്റേറ്റിന് മധ്യഭാഗത്തുള്ള ഒഴുക്ക് ചാലിൽ മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികൾ നാട്ടുകാരെ വിവരം അറിയിക്കുകയാരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വിളപ്പിൽശാല പോലീസ് ഇൻസ്പെക്ടർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
മാനസിക പ്രശ്നമുള്ള വാസന്തി ഇടയ്ക്കിടെ ആരോടും പറയാതെ വീടുവിട്ട് പോകുന്നത് പതിവാണ്. കഴിഞ്ഞമാസം വീടുവിട്ടുപോയ വാസന്തിയെ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ നഗരത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വാസന്തിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു. പ്രഥമദൃഷ്ട്യ മരണത്തിൽ ദുരൂഹതകളില്ലെന്ന് പോലീസ് അറിയിച്ചു.
പരേതനായ പത്രോസാണ് വാസന്തിയുടെ ഭർത്താവ്. രാജേഷ് ഏകമകനാണ്. പോലീസ് ഇൻക്വിസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.