രോഗികൾ മരിക്കാനിടയായി എന്ന പരാതികളിൽ ശക്തമായ നടപടി കൈക്കൊള്ളും….മന്ത്രി വീണാ ജോർജ്….
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കാനിടയായി എന്ന പരാതികളിൽ ശക്തമായ നടപടി കൈക്കൊള്ളുമെന്നും, സർക്കാർ മെഡിക്കൽ കോളേജിൽ എത്തുന്നവരുടെ പരാതികൾ കേൾക്കുന്നതിനും പരിഹാരം കാണുന്നതിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ സ്ഥിരം സംവിധാനമുണ്ടാക്കുമെന്നും മന്ത്രി വീണാ ജോർജ് നിയമസഭയയിൽ പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടുത്തിടെ ഉണ്ടായ പുറക്കാട് സ്വദേശിനി ഷിബിന, പുന്നപ്ര സ്വദേശിനി ഉമൈബ, വണ്ടാനം സ്വദേശി സൗമ്യയുടെ നവജാത ശിശു എന്നിവരുടെ
മരണങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി ആശുപത്രിയിൽ നേരിട്ട് സന്ദർശനം നടത്തണമെന്നുമാവശ്യപ്പെട്ട് എച്ച് .സലാം എം. എൽ .എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു വീണാ ജോർജ്ജ്.
ഈ മൂന്ന് മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അന്വഷണ കമ്മീഷനെ നിയോഗിച്ചു. ഇതിന്റെ റിപ്പോർട്ട് ഡി .എം. ഇ ക്ക് സമർപ്പിച്ചിട്ടുണ്ട്. സർക്കാരിലേക്ക് ലഭിച്ച റിപ്പോർട്ടിന്റെ വസ്തുതകൾ ഒന്നു കൂടി പരിശോധിച്ച് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടുള്ള റിപ്പോർട്ടും തേടിയിട്ടുണ്ട്. ഇതിൽ കൃത്യമായ നടപടി ഉണ്ടാകും. ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമുള്ള സ്ഥിരം സംവിധാനമൊരുക്കുന്നത് ഇതാദ്യമായാണ്.
സാധാരണക്കാരായ ജനങ്ങൾ രോഗത്തിൻ്റെ നിസ്സഹായാവസ്ഥയിലും വേദനയിലും എത്തുമ്പോൾ അവർക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കണമെന്നും അതിൽ ഒരു പിഴവും പാടില്ല എന്നതുമാണ് സർക്കാരിൻ്റെ കാഴ്ചപ്പാട്. പരാതികൾക്ക് ഇടയാകുന്ന ഒരു കേസുപോലും ഉണ്ടാകരുത് എന്നതാണ് സർക്കാർ ആഗ്രഹിക്കുന്നതും. എന്നാൽ നോൺ പ്രാക്ടീസ് അലവൻസ് വാങ്ങി ചില ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് തെറ്റായ കാര്യമാണ്. സർക്കാർ ശക്തമയ നിലപാട് സ്വീകരിച്ചതിൻ്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർക്കെതിരെ നടപടി കൈക്കൊണ്ടിരുന്നു.
സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ എത്ര സമയം പ്രവർത്തി ചെയ്യുന്നു എന്നത് സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആശുപത്രിയുടെ പൊതുവായ പ്രവർത്തനവും ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനവും ഇത്തരത്തിൽ പരിശോധിക്കുന്നുണ്ട്. സമർപ്പിതമായി ജോലി ചെയ്യുന്നവർക്കു കൂടി മാനക്കേടുണ്ടാക്കുന്ന വിധം പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആശുപത്രികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒത്തുകൂടുന്നവരിൽ ചിലർ ഒരേ ആളുകൾ തന്നെയാണന്നും അവർ സ്വകാര്യ ആശുപത്രികളുടെ ആളുകളാണന്നുമുള്ള ആശുപത്രി അധികൃതരുടെ റിപ്പോർട്ടുകളുമുണ്ട് . അതും പരിശോധിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.