രോഗികൾക്ക് കൃത്യമായ ചികിത്സയും, മരുന്നും ലഭിക്കണം: കെ.സി.വേണുഗോപാൽ…
അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൃത്യമായ ചികിത്സയും, മരുന്നും ലഭ്യമാക്കണമെന്ന് കെ.സി വേണുഗോപാൽ എം.പി.ആശുപത്രി വികസന സമിതി (എച്ച്.ഡി.സി) യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണം. മുൻ കാലങ്ങളിൽ ആശുപത്രിയിൽ ഒരു നിബന്ധന ഉണ്ടായിരുന്നു. പകരം ഡോക്ടർമാർ വന്നു കഴിഞ്ഞെ സ്ഥലം മാറി പോകുന്ന ഡോക്ടർമാരെ ഇവിടെ നിന്നും അയക്കുകയുള്ളായിരുന്നു. ഇപ്പോൾ ഡോക്ടർമാർ പോയി മാസങ്ങൾ കഴിഞ്ഞാലും പകരം ഡോക്ടർമാർ എത്തുന്നില്ല.
ഏറ്റവും പ്രധാനമായ അനിസ്തേഷ്യ വിഭാഗത്തിൽ 2 ഡോക്ടർമാരുടെ ഒഴിവാണ് ഉള്ളത്. ഒരു ഡോക്ടർ ആശുപത്രി രേഖകളിൽ ഇവിടെ ജോലി ചെയ്യുന്നതായും എന്നാൽ ജോലി ചെയ്യുന്നത് തിരുവനന്തപുരത്തുമാണ്. അടുത്ത കാലത്ത് ആശുപത്രിയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടുകയും, കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും വേണം. പല കെട്ടിടങ്ങളും പൂർത്തിയാക്കാനും അറ്റകുറ്റപണി നടത്താനുമുണ്ട്. സൂപ്പർ സ്പെഷാലിറ്റി ഉൾപ്പടെയുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾക്ക് സർക്കാർ ഓർഡർ പുറത്തിറക്കണം .പല നല്ല കാര്യങ്ങളും ആശുപത്രിയിൽ നടക്കുന്നുണ്ട്. നല്ല ഡോക്ടർമാരും ഉണ്ട്. ആശുപത്രിയിൽ അച്ചടക്കം അനിവാര്യമാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് കൂടി എത്തിയിരുന്നെങ്കിൽ നന്നായിരുന്നു. മൂന്നു മാസത്തിലൊരിക്കൽ എച്ച്.ഡി.സി യോഗം കൂടണമെന്ന് കളക്ടറെ ചുമതലപ്പെടുത്തിയത് നല്ല കാര്യമാണ്. ആശുപത്രിക്കെതിരെ ഉയരുന്ന പരാതികൾ എച്ച്.ഡി.സിയിൽ പരിഹരിക്കാനാകും. കുറ്റങ്ങളും, കുറവുകളും പരിഹരിച്ച് ആശുപത്രിയെ ജനങ്ങൾക്ക് ഉപകാരപ്രദമായ നല്ല ആശുപത്രിയാക്കി മാറ്റണമെന്നും കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു.