രാഹുൽ ഗാന്ധിയോട് ബഹുമാനം മാത്രം..ഡിഎൻഎ പരാമർശത്തിന്‍റെ കാരണം ഇതാണ്..വ്യക്തമാക്കി അൻവർ…
രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും ഭയങ്കര ബഹുമാനമാണെന്ന് പി വി അൻവർ.. രാഹുലിനെതിരായ ഡി എൻ എ പരാമർശം മയപ്പെടുത്തിയ അൻവർ, തെരഞ്ഞെടുപ്പ് കാലത്ത് അങ്ങനെ പറയാനുള്ള കാരണവും വിശദീകരിച്ചു.മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ അഴിച്ചുവിട്ട വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് അൻവർ മറുപടി നൽകിയിരിക്കുന്നത്.ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തി രാഹുൽ ഗാന്ധി, ഇ ഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നിരന്തരം ചോദിച്ചതുകൊണ്ടാണ് അന്ന് അത്തരം പരാമർശം നടത്തേണ്ടി വന്നതെന്ന് അൻവർ വിവരിച്ചു. എൽ ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അത്തരം പരാമർശനം നടത്തിയതുകൊണ്ടാണ് രാഹുലിന്‍റെ ഡി എൻ എ പരിശോധിക്കണമെന്ന് താൻ തിരിച്ചടിച്ചതെന്നും അൻവർ വിവരിച്ചു.
തന്നെ സംബന്ധിച്ചടുത്തോളം രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും വലിയ ബഹുമാനമാണുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി 1991 ൽ കേരളത്തിൽ വന്നപ്പോൾ തന്‍റെ വാപ്പയുടെ കാറിലായിരുന്നു എന്ന ഓർമ്മയും പങ്കുവച്ചു. കോൺഗ്രസിന്‍റെ അടിസ്ഥാന പരമായ തത്വങ്ങളിൽ വ്യതിയാനം വന്നതോടെയാണ് പാർട്ടി വിട്ട് കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്നത്. ആ സെക്യുലർ പാർട്ടി നിലപാട് നഷ്ടമാക്കി, വ്യക്തിപരമായ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ആർ എസ് എസിനും ബി ജെ പിക്കും അടിയറവ് പറഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയിൽ താൻ ഉണ്ടാകില്ലെന്നും പി വി അൻവർ പറഞ്ഞു. രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും വലിയ ബഹുമാനമാണെന്നും തന്‍റെ പാരമ്പര്യം അതാണെന്നും ആവർത്തിച്ച ശേഷമാണ് അൻവർ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.