രാഹുൽ ഗാന്ധിയുടേത് മുതലക്കണ്ണീർ.. വയനാട് സന്ദർശനം ഫോട്ടോ എടുക്കാനുള്ള അവസരം.. ബിജെപി വിമർശനം…
ദില്ലി:രാഹുലിന്റെ വയനാട് സന്ദർശനത്തെ വിമർശിച്ച് ബിജെപി. വയനാട് യാത്ര രാഹുൽ ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് അമിത് മാളവ്യ പറഞ്ഞു. ബിജെപി ദേശീയ ഐ.ടി സെൽ കൺവീനറാണ് അമിത് മാളവ്യ. മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല പകരം ഉത്തരവാദിത്വം ഏറ്റെടുക്കണം. ഗാഡ്ഗിൽ റിപ്പോർട്ട് കുഴിച്ച് മൂടിയത് അന്നത്തെ യുപിഎ സർക്കാറാണ്.മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവർത്തനങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പോലും രാഹുൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നും വയനാട്ടിൽ വിവിധ ഇടങ്ങൾ സന്ദർശിക്കും. മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസും ഇരുവരും സന്ദർശിക്കും. ജില്ല ഭരണകൂടത്തിന്റെ അവലോകന യോഗത്തിന് ശേഷം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായും രാഹുലും പ്രിയങ്കയും കൂടികാഴ്ച നടത്തും.ഇന്നലെയാണ് ഇരുവരും വായനാട്ടിലെത്തിയത്. ഉരുൾപൊട്ടൽ സംഭവിച്ച ചൂരൽ മലയിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തിയിരുന്നു.



