രാവിലെ നോക്കിയപ്പോൾ മുഖ്യമന്ത്രി കസേരയിൽ മറ്റൊരാൾ.. പൊട്ടിച്ചിരിച്ച് ഉമ്മൻ‌ചാണ്ടി…

തിരുവനന്തപുരം: ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് മുറി ചരിത്രത്തിലാദ്യമായി ലോകദൃഷ്ടിയില്ലെത്തുന്നത് ഉമ്മൻചാണ്ടിയുടെ കാലത്താണ്. തന്റെ ഓഫിസിന്റെ പ്രവർത്തനം ലോകത്തെവിടെയിരുന്നും ജനങ്ങൾക്ക് കാണാനായാണ് ഓഫിസ് മുറിയിൽ വെബ് ക്യാമറ സ്ഥാപിച്ചത്. മുഖ്യമന്തി ചേംബറിലുള്ളപ്പോൾ വെബ് ക്യാമറ പ്രവർത്തനനിരതമായിരിക്കും. മുഖ്യമന്തി നടത്തുന്ന കോൺഫറൻസുകൾ, ചർച്ചകൾ തുടങ്ങിയവയും പൊതുജനങ്ങളെ കാണുന്നതും നിവേദനങ്ങൾ സ്വീകരിക്കുന്നതും ലൈവായി കാണാൻ കഴിയുമായിരുന്നു. മുഖ്യമന്തിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരുന്നു ലൈവ് വെബ് കാസ്‌റ്റിങ്.

രണ്ടാം തവണ മുഖ്യമന്ത്രിയായശേഷം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചപ്പോഴാണ് വെബ് ക്യാമറയെന്ന ആശയം ഉമ്മൻചാണ്ടി മുന്നോട്ടുവച്ചത്. തന്റെ മുറിയിൽ നടക്കുന്ന കാര്യങ്ങൾ ലോകം കാണട്ടെയെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചപ്പോൾ ഉദ്യോഗസ്ഥരിൽ മിക്കവരും എതിർത്തു. നിവേദനവും പരാതികളുമായി നിരവധിപേർ എത്തുന്ന ഓഫിസിൽ വെബ് ക്യാമറ സ്ഥാപിച്ച് തൽസമയം വിഡിയോദൃശ്യങ്ങൾ പുറത്തുവിടുന്നത് പ്രയോഗികമല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. ഉമ്മൻചാണ്ടി തന്റെ നിലപാടിൽ ഉറച്ചുനിന്നു. പ്രിൻസിപ്പൽ സെക്രട്ടറി ദിനേശ് വർമ മുഖ്യമന്ത്രിയെ അനുകൂലിച്ചു. ഒടുവിൽ മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പിലായപ്പോൾ രാജ്യാന്തര മാധ്യമങ്ങളിൽ വരെ വാർത്തയായി.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലർ വിവാദങ്ങളിൽപ്പെട്ടപ്പോൾ ഓഫിസിലെ ക്യാമറ ദൃശ്യങ്ങൾ ഏതു സമയത്തും പരിശോധിക്കാമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഉമ്മൻചാണ്ടി കൊണ്ടുവന്ന വെബ് സ്ട്രീമിങ് തുടരേണ്ടതില്ലെന്നായിരുന്നു എൽഡിഎഫ് തീരുമാനം. ഓഫിസ് ജനങ്ങൾക്കായി തുറന്നിട്ടപ്പോൾ ചില വ്യത്യസ്ത അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായി.

മുഖ്യമന്ത്രിയുടെ സ്റ്റാഫുകൾ രാവിലെ ഓഫിസിലെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ കസേരയിൽ മറ്റൊരാൾ ഇരിക്കുന്നു. അമ്പരന്ന സ്റ്റാഫുകൾ പൊലീസിനെ വിവരം അറിയിച്ചു. മനോദൗർബല്യമുള്ള ആളാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ കസേരയിലിരുന്നത്. തന്റെ കസേര അൽപനേരത്തേക്കെങ്കിലും മറ്റൊരാൾ സ്വന്തമാക്കിയ വിവരമറിഞ്ഞപ്പോൾ പൊട്ടിച്ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കസേര കയ്യേറിയ ആളെ സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിക്കാൻ നിർദേശം നൽകി.

Related Articles

Back to top button