രാമചന്ദ്രൻ മുല്ലശ്ശേരിക്ക് ഭാരത് സേവക് ദേശീയ പുരസ്കാരം

മാവേലിക്കര- കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി സാമൂഹ്യ, സാംസ്ക്കാരിക, സാമുദായിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യവും എഴുത്തുകാരനുമായ രാമചന്ദ്രൻ മുല്ലശ്ശേരി മികച്ച സാമൂഹൃപ്രവർത്തകനുള്ള ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്ക്കാരത്തിനർഹനായി. ഈ മാസം 14ന് തിരുവനന്തപുരം കവടിയാർ സത്ഭാവന ഹാളിൽ നടക്കുന്ന ചടങ്ങിൽ സെൻട്രൽ ഭാരത് സേവക് സമാജ് ദേശീയ അദ്ധ്യക്ഷൻ ബി.എസ് ബാലചന്ദ്രൻ പുരസ്കാരം നല്കും.

1967-ൽ സാംബവ വിദ്യാർത്ഥി യുവജന സംഘടനയിലൂടെ പൊതുരംഗത്ത് ചുവടുവച്ച രാമചന്ദ്രൻ മുല്ലശ്ശേരി 1975ൽ ആരംഭിച്ച സാംബവ യൂത്ത് മൂവ്മെൻ്റ് തെക്കേക്കര യൂണിറ്റ് സെക്രട്ടറിയായിട്ടാണ് സംഘടനാ പ്രവർത്തനം തുടങ്ങുന്നത്. തുടർന്ന് താലൂക്ക് കമ്മറ്റി പ്രസിഡൻ്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്ന നിലയിലും ചുമതലവഹിച്ചു. സാംബവ മഹാസഭ 112-ാം നമ്പർ തെക്കേക്കര ശാഖാ സെക്രട്ടറി, പ്രസിഡൻ്റ്, താലൂക്ക് യൂണിയൻ സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ്, സംസ്ഥാന ഡയറക്ടർ ബോർഡംഗമായും 2013ൽ സംസ്ഥാന സെക്രട്ടറിയുമായി. 2017 മുതൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. അംബേദ്ക്കർ സാംസ്കാരിക വേദി മാവേലിക്കര താലൂക്ക് സെക്രട്ടറി, ഹരിജൻ ഐക്യവേദി താലൂക്ക് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പബ്ലിക് റിലേഷൻസ് വകുപ്പിൽ ഗവ.സെക്രട്ടറിയേറ്റിൽ നിയമനം ലഭിച്ച രാമചന്ദ്രൻ മുല്ലശ്ശേരി തുടർന്ന് പിന്നീട് ജലസേചനവകുപ്പിൽ എത്തുകയും ഒടുവിൽ വാണിജ്യ നികുതി വകുപ്പിൽ നിന്ന് 2017ൽ വിരമിക്കുകയും ചെയ്തു. ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമതിയുടെ സംസ്ഥാന ട്രഷറാറും ദലിത് ആദിവാസി മഹാസഖ്യം സംസ്ഥാന പ്രസിഡൻ്റുമാണ്. പട്ടികജാതിവികസന വകുപ്പ് സംസ്ഥാന ഉപദേശക സമതി അംഗം, കേരള നവോത്ഥാന സമതി സംസ്ഥാന സെക്രട്ടറി, ആലപ്പുഴ ജില്ല വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പ്രൊഫ.ആർ നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം, 77 വർഷം പിന്നിട്ട തെക്കേക്കര യ്മെൻസ് യൂണിയൻ ഗ്രന്ഥശാലയുടെ വൈസ് പ്രസിഡൻ്റ്, 20 വർഷമായി സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച കെ.സി.പ്രഭയാണ് ഭാര്യ. അരുൺ ചന്ദ്രൻ, അനുചന്ദ്രൻ, അഞ്ജലി ആർ.ചന്ദ്രൻ എന്നിവരാണ് മക്കൾ.

Related Articles

Back to top button