രാത്രി പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക…. അവർ പിന്നാലെ എത്തും…..
വൈറ്റില-പാലാരിവട്ടം ബൈപ്പാസിലും പരിസരത്തും അർധരാത്രിക്കു ശേഷം ഒറ്റയ്ക്കു യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക. അവർ പിന്നാലെ എത്തും. ആൾത്തിരക്കു കുറവുള്ള പുലർച്ചെ സമയത്ത് ഇവിടെ പണം തട്ടുന്ന സംഘം സജീവമാകുന്നു. പുലർച്ചെ വിമാനത്താവളത്തിൽ നിന്നു വരുന്നവരും ദീർഘദൂര യാത്രക്കാരുമാണ് തട്ടിപ്പിന് ഇരയാകുന്നത്. സംഭവത്തില്‍ നിരവധി പേര്‍ ഇരകളായെങ്കിലും ആരും പരാതി നല്‍കാത്തതാണ് തട്ടിപ്പ സംഘങ്ങള്‍ക്ക് തുണയാകുന്നത്. പാലച്ചുവടു ഭാഗത്തു തട്ടിപ്പിന് ഇരയായ ആൾ പരാതിയുമായി സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈറ്റിലയിൽ നിന്നു പാലാരിവട്ടത്തേക്കു പുലർച്ചെ മൂന്നു മണിക്കു കാറിൽ യാത്ര ചെയ്യുകയായിരുന്ന ഫോർട്ടു കൊച്ചി സ്വദേശിക്കു സമാന അനുഭവമുണ്ടായെങ്കിലും പരാതിപ്പെടാൻ തയാറായിട്ടില്ല. പാലാരിവട്ടം പാലം എത്തുന്നതിനു തൊട്ടു മുൻപാണ് ഇയാളെ റോഡിൽ തടഞ്ഞു നിർത്തി പണം തട്ടിയെടുത്തത്. പൊലീസില്‍ പരാതി നല്‍കിയാല്‍ സംഘങ്ങളുടെ നോട്ടപ്പുള്ളി ആകുമെന്ന് ഭയന്നാണ് പരാതി നല്‍കാതെ ഇരുന്നതെന്ന് യുവാവ് പറയുന്നു. ബൈക്കിലെത്തിയ ആൾ വട്ടം വച്ചു കാർ നിർത്തിയ ശേഷം സുഖമില്ലാത്തതായി അഭിനയിച്ചു പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നെന്ന് യുവാവ് പറയുന്നു. തുടര്‍ന്ന് വൈറ്റിലയ്ക്ക് അടുത്തു വച്ചു വാഹനം തട്ടിയെന്നും നഷ്ടപരിഹാരം നൽകണം എന്നും ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്താൻ തുടങ്ങി. വേറെ വാഹനങ്ങൾ ആ സമയം അതുവഴി വന്നിരുന്നില്ല. വെളിച്ചം കുറവുള്ള ഭാഗത്തായിരുന്നതിനാല്‍ മുന്നോട്ടു പോയാൽ ഇയാൾ എന്തു ചെയ്യുമെന്ന ഭീതിയിലായി. കാർ ഇയാളുടെ ബൈക്കിൽ ഇടിച്ചെന്നും മുറിവേറ്റതിനാൽ സംസാരിക്കണമെന്നും പറഞ്ഞു നിർബന്ധിച്ചു പുറത്തിറക്കുകയായിരുന്നു. ഇയാൾ ഏതു രീതിയിൽ പ്രതികരിക്കും എന്നറിയാത്തതിനാൽ പണം നൽകാമെന്നു പറഞ്ഞു കാറിൽ കയറി. ഒടുവിൽ നിർബന്ധത്തിനു വഴങ്ങി പണം നൽകിയ ശേഷമാണ് പോകാൻ അനുവദിച്ചതെന്ന് ഫോർട്ടു കൊച്ചി സ്വദേശി പറഞ്ഞു. ഇതു സംബന്ധിച്ച് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനോടു പറഞ്ഞപ്പോൾ തൃശൂർ ഭാഗത്തു നേരത്തേ സമാന സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ കൊച്ചിയിലും സമാന അനുഭവങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ടെന്ന് പറഞ്ഞതായും യുവാവ് പറയുന്നു.