രാജ്‌നാഥ് സിങ് നാളെ മാവേലിക്കരയിൽ
മാവേലിക്കര: വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കാനായി കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നാളെ മാവേലിക്കരയില്‍ എത്തും. ഉച്ചയ്ക്ക് 2ന് ചേപ്പാട് എന്‍.ടി.പി.സി ഹെലിപ്പാടില്‍ എത്തുന്ന മന്ത്രി റോഡ് മാര്‍ഗം രണ്ടേകാലോടെ സ്‌കൂളില്‍ എത്തും. രണ്ടരയോടെ നടക്കുന്ന പൊതുസഭയില്‍ സൈനിക് സ്‌കൂളിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിര്‍വഹിക്കും. 4 മണിയോടെ പരിപാടി പൂര്‍ത്തിയാക്കി കേന്ദ്രമന്ത്രി ചേപ്പാട് എത്തി ഇവിടെ നിന്ന് ഹെലികോപ്ടറില്‍ ആറന്മുളയില്‍ എത്തും. സുഗതകുമാരി നവതി ആഘോഷ സമാപന സഭയില്‍ പങ്കെടുത്ത ശേഷമാകും തിരികെ മടങ്ങുക.