രണ്ടാം നിലയിൽ അംഗൻവാടി….മൂന്നുവയസ്സുകാരി കാൽവഴുതി തോട്ടിലേക്ക്…..ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ….
മുകൾനിലയിലുള്ള അംഗൻവാടിയിൽനിന്ന് കാൽവഴുതി താഴെയുള്ള തോട്ടിലേക്കു വീണ് ഗുരുതരമായി പരിക്കേറ്റ മൂന്നു വയസ്സുകാരിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് മുറിവേറ്റ കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉള്ളതിനാലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അംഗൻവാടി കെട്ടിടത്തിൽ നിന്നും 25 അടി താഴ്ചയിലുള്ള തോട്ടിലേക്കാണ് കുട്ടി വീണത്.
കോലേനിപ്പറമ്പിൽ ആന്റപ്പന്റെ മകൾ ജെറീനയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ രക്ഷിക്കാനായി തോട്ടിലേക്ക് എടുത്തുചാടിയ അങ്കണവാടിയിലെ വർക്കർ പ്രീതിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സാമൂഹിക ക്ഷേമവകുപ്പ് അന്വേഷണം ആരംഭിച്ചു. പള്ളിവാസൽ പഞ്ചായത്തിലെ പന്ത്രണ്ടാംവാർഡിൽ പ്രവർത്തിക്കുന്ന കല്ലാർ വട്ടയാർ അങ്കവാടിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
റോഡിന്റെ നിരപ്പിന് താഴെ ഒരുനിലയും മുകളിലായി രണ്ട് നിലകളുമാണ് കെട്ടിടത്തിനുള്ളത്. മുകളിലത്തെ നിലയിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. ഒന്നാംനിലയിൽ ആയുർവേദാശുപത്രിയും അങ്കണവാടിയുടെ അടുക്കളയുമുണ്ട്. അടുക്കളയിലെത്തി ഭക്ഷണം കഴിച്ച കുട്ടികൾ അങ്കണവാടി വർക്കറുടെ മേൽനോട്ടത്തിൽ മുകളിലേക്ക് കയറി.
മുകളിലെത്തിയ ജെറീന വെള്ളത്തിൽ ചവിട്ടി കാൽവഴുതി കെട്ടിടത്തിന്റെ സമീപത്ത് കൂടി ഒഴുകുന്ന ചെറിയ കൈത്തോട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ജെറീനയുടെ പത്തിൽ താഴെ കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്.