യോഗത്തിനിടെ ഹൃദയാഘാതം:കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു….

ചെന്നൈയിൽ സുപ്രധാന യോഗത്തിനിടെ ഹൃദയാഘാതം. കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചെന്നൈയിലെത്തിയ സാഹചര്യത്തിൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഐഎൻഎസ് അഡയാറിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായിരുന്ന എം കരുണാനിധിയുടെ നൂറാം ജന്മവാർഷിക ദിനാഘോഷത്തിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചെന്നൈയിലെത്തിയ സാഹചര്യത്തിൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. 1989 ജനുവരിയിലാണ് ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹം കോസ്റ്റ് ഗാർഡിൽ ചേർന്നത്. 2023 ജൂലൈയിലാണ് അദ്ദേഹം തീര സംരക്ഷണ സേനയുടെ മേധാവിയായി ചുമതലയേറ്റത്. ഈ സ്ഥാനത്തെത്തുന്ന 25ാമത്തെയാളായിരുന്നു രാകേഷ് പാൽ. മരണ വിവരമറിഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയവർ ആശുപത്രിയിലെത്തി. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ദില്ലിയിലേക്ക് കൊണ്ടുപോകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Related Articles

Back to top button